ഇറങ്ങിയിട്ട് ഒരു മാസം; ജോക്കർ തീയ്യേറ്ററിൽ നിന്നും വാരിയത് എട്ടിരട്ടി

ആഗോള തലത്തിൽ തന്നെ മില്യൺ കണക്കിന് പ്രേക്ഷകരാണ് ‘ജോക്കർ’ ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ മികച്ച ചലച്ചിത്ര അനുഭവം തന്നെ ജോക്കർ ആരാധകർക്ക് സമ്മാനിക്കുകയും ചെയ്തു. തീയ്യേറ്ററുകളിൽ നിറഞ്ഞോടുന്ന ഹോളിവുഡ് ചിത്രം ജോക്കർ നിർമ്മാതാക്കൾക്ക് നേടിക്കൊടുത്ത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിൽ അധികമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലുൾപ്പടെ റിലീസ് ചെയ്തത് ഒക്ടോബർ രണ്ടിനായിരുന്നു. വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ്ഓഫീസ് കളക്ഷൻ കണക്കുകൾ പ്രകാരം 900 മില്യൺ ഡോളർ (6347 കോടി രൂപ) വാരിയെടുത്തുവെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാന ഹോളിവുഡ് പ്രോജക്ടുകളെ അപേക്ഷിച്ച് ലളിതമായ ബജറ്റ് ആയിരുന്നു ചിത്രത്തിന്റേത്. 60 മില്യൺ ഡോളറി(423 കോടി രൂപ)ൽ നിർമ്മിച്ച ചിത്രം മാർക്കറ്റിങ് ഉൾപ്പെടെയുള്ള ചെലവുകൾ കുറച്ചാലും വാർണർ ബ്രദേഴ്‌സ് അടക്കമുള്ള നിർമ്മാതാക്കൾക്ക് സമ്മാനിച്ചത് 500 മില്യൺ (3526 കോടി രൂപ) ഡോളറിലേറെ ലാഭമാണ്.

900 മില്യൺ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്ക് തന്നെയോ എത്തിയേക്കാമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യൺ) മറികടന്നതോടെ ‘ആർറേറ്റഡ്’ ചിത്രങ്ങളിൽ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവിൽ ജോക്കർ. എക്കാലത്തെയും ഡിസി ചിത്രങ്ങളിൽ കളക്ഷനിൽ നാലാമതുമാണ് നിലവിൽ ജോക്കർ.

Exit mobile version