വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ, അദ്ദേഹവും അനുഷ്‌കയും നല്ല സുഹൃത്തുക്കള്‍ മാത്രം, കാജല്‍ പറയുന്നു

തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇറങ്ങിയിട്ട് നാളുകളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങള്‍ ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.

ഇപ്പോള്‍ അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരുവരുടെയും സുഹൃത്തായ കാജല്‍. ഒരു ടെലിവിഷന്‍ പരിപാടിക്കിടയായിരുന്നു കാജല്‍ പറഞ്ഞത്. ബാഹുബലിക്ക് ശേഷം പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പ്രഭാസ്-അനുഷ്‌ക ജോഡി പ്രണയത്തിലല്ലെന്നും അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് കാജല്‍ പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും. കാജല്‍ പറഞ്ഞു.

കൂടാതെ, തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.

Exit mobile version