‘നിശ്ശബ്ദത്തിലെ സാക്ഷി വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു’; അനുഷ്‌ക ഷെട്ടി

അനുഷ്‌ക ഷെട്ടി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘നിശ്ശബ്ദം’. ചിത്രത്തില്‍ മൂകയായ ചിത്രകാരി ആയിട്ടാണ് അനുഷ്‌ക എത്തിയത്. ഇപ്പോഴിതാ ഈ കഥാപാത്രം അവതരിപ്പിക്കുന്നത് വളരെ ശ്രമകരമായിരുന്നെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

‘ചിത്രത്തിലെ എന്റെ കഥാപാത്രം സാക്ഷി ഊമയായ ഒരു ചിത്രകാരിയാണ്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതിയൊരു ഭാഷ പഠിക്കുന്നത് പോലെയായിരുന്നു. സാക്ഷിയ്ക്കായി ഞാന്‍ ആദ്യം ഇന്ത്യന്‍ സൈന്‍ ലാംഗ്വേജും ഇന്റര്‍നാഷണല്‍ സൈന്‍ ലാംഗ്വേജും പഠിച്ചു. പിന്നീട് യുഎസില്‍ ചിത്രീകരണം അരംഭിച്ചപ്പോള്‍ യുഎസ് സൈന്‍ ലാംഗ്വേജും പഠിച്ചു’ എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സസ്പെന്‍സ് ത്രില്ലറായ ‘നിശ്ശബ്ദ’ത്തില്‍ മാധവനാണ് നായകന്‍ ആണ്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌കയും മാധവനും ഒന്നിച്ച ചിത്രം കൂടിയാണിത്. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്തത്.

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. പീപ്പിള്‍ മീഡിയ ഫാക്ടറി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version