പരാതി പറഞ്ഞിരുന്നെങ്കിൽ ഇടപെട്ടേനെ; ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി വ്യക്തിപരമെന്ന് ജോയ് മാത്യു

കോഴിക്കോട്: നടി മഞ്ജു വാര്യർ സംവിധായകൻ വിഎ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിെ സംബന്ധിച്ച് പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. മഞ്ജു നൽകിയ പരാതി വ്യക്തിപരമായതെന്ന് ജോയ് മാത്യു പ്രതികരിച്ചു. മഞ്ജുവോ ശ്രീകുമാർ മേനോനോ തന്നോട് പരാതി പറഞ്ഞാൽ ഇടപെട്ടേനെയെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. സിനിമാലോകത്തെ പരാതികൾക്ക് പല കാരണങ്ങളുമുണ്ടാകാം. ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടുതന്നെ ചില പരാതികൾക്ക് കൂടുതൽ പ്രാധാന്യം കിട്ടും. ചില പരാതികൾ മാനസികരോഗം കൊണ്ടും, ചില പരാതികൾ വാർത്തകൾക്ക് വേണ്ടിയുമാണെന്നാണ് ജോയ് മാത്യു പറയുന്നത്.

അവർ തമ്മിലുള്ള പ്രശ്‌നം അവർ തന്നെ ഇടപെട്ട് തീർക്കുമെന്നാണ് കരുതുന്നത്. നവ മാധ്യമങ്ങൾ വന്ന ശേഷം ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞദിവസമാണ് മഞ്ജു വാര്യർ ഡിജിപിയെ നേരിട്ട് കണ്ട് ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തന്നെ അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുമോ എന്ന് താൻ ഭയപ്പെടുന്നതായി പരാതിയിൽ മഞ്ജുവാര്യർ പറയുന്നു. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാർ മേനോൻ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

ഒടിയൻ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിക്കുന്നുമുണ്ട്. മഞ്ജുവാര്യർ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം.

Exit mobile version