‘നാല്‍പ്പത്തൊന്ന് ദിനങ്ങള്‍ കൊണ്ടൊരു മേല്‍പ്പത്തൂരായി മാറണമെങ്കില്‍’; ലാല്‍ജോസ് ചിത്രം ’41’ ലെ രസകരമായ ഗാനം പുറത്തുവിട്ടു

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്

ലാല്‍ജോസ് ബിജുമേനോനെ നായകനാക്കി ഒരുക്കിയ ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നാല്‍പ്പത്തൊന്ന് ദിനങ്ങള്‍ കൊണ്ടൊരു മേല്‍പ്പത്തൂരായി മാറണമെങ്കില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാല്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സുഹൃത്തുക്കളായ ഉല്ലാസ് മാഷും വാവാച്ചിക്കണ്ണനും നാല്പത്തിയൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോവാന്‍ ഒരുങ്ങുന്നതിന്റെ രസകരമായ ദൃശ്യാവിഷ്‌കാരമാണ് പാട്ടിലുള്ളത്. ഇവരുടെ ശബരിമല യാത്രയ്ക്കിടയിലുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ലാല്‍ ജോസ് ചിത്രത്തില്‍ ആദ്യമായാണ് ബിജുമേനോന്‍ നായകനായി എത്തുന്നത്.

ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ പിജി പ്രഗീഷിന്റേതാണ് തിരക്കഥ. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. അടുത്ത മാസം എട്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version