ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ഇനി ‘ബിഗിലി’ന് സ്വന്തം; പിന്നിലാക്കിയത് ഷാരൂഖ് ഖാന്‍ ചിത്രത്തെ

ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ട്രെയിലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗില്‍’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. രണ്ട് കോടി 98 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ ഇതിനോടകം കണ്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയിലറിപ്പോള്‍. ഇതിനു പുറമെ മറ്റൊരു നേട്ടം കൂടെ ട്രെയിലര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്രെയിലര്‍ എന്ന നേട്ടമാണ് ‘ബിഗില്‍’ സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ട്രെയിലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’യെ പിന്നിലാക്കിയാണ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പത്തൊമ്പത് ലക്ഷം ലൈക്കുകളാണ് ഷാരൂഖ് ചിത്രം ‘സീറോ’യ്ക്ക് ലഭിച്ചിരുന്നത്.

‘മെര്‍സല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചിന്റെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. വിജയിയുടെ 63ാമത് ചിത്രം കൂടിയാണിത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിവേക്, യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി, ജാക്കി ഷറഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

‘ബിഗില്‍’ കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. താരത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്.

Exit mobile version