‘ഷെഹനായി മൂളുന്നുണ്ടേ’ വീണ്ടും മനോഹര ഗാനവുമായി സിത്താര; ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഷെഹനായി മൂളുന്നുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എന്നത്തെയും പോലെ ഇത്തവണയും സിത്താര ആലാപനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

നേരത്തേ പുറത്തുവിട്ട ചിത്രത്തിലെ ‘നീ ഹിമമഴയായ്’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആഘോഷരാവിന്റെ പശ്ചാത്തലത്തിലുള്ള ഗാനം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. രേഖ, ജോയ് മാത്യു, പി ബാലചന്ദ്രന്‍, നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ദിവ്യാ പിള്ള, അഞ്ജലി, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം പതിനെട്ടിന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version