വിജയിയുടെ ദീപാവലി ചിത്രം ‘ബിഗില്‍’ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ്; സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് താരം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്

‘മെര്‍സല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ-വിജയ് കൂട്ടുക്കെട്ടില്‍ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് ‘ബിഗില്‍’. തമിഴ്‌നാട്ടിലേത് പോലെ തന്നെ വിജയിയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനായി എത്തുന്ന ‘ബിഗില്‍’ കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. താരത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്. പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ ആണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

അതേസമയം കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുള്ളതിനാല്‍ എത്ര തീയ്യേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചിന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിവേക്, യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version