‘മത്സരത്തിന് ഇല്ല’; ഡിനി ഡാനിയല്‍

മോഹന്‍ലാല്‍ സിനിമ കൂടി വരുമ്പോള്‍ എന്തു ചെയ്യും എന്ന് ചോദിച്ച് ഡിനി ഡാനിയല്‍ രംഗത്ത് എത്തിയിരുന്നു

കൂടത്തായിയിലെ കൂട്ടക്കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് ഇത് ഒരു സിനിമാക്കഥ പോലെയുണ്ടെന്നാണ്. ഇപ്പോഴിതാ ആ കൊലപാതക പരമ്പര സിനിമയായി മാറുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്.

അതേസമയം ഈ കൂട്ടക്കൊലപാതകങ്ങളുടെ കഥ ആസ്പദമാക്കി ‘കൂടത്തായി’ എന്നൊരു സിനിമ പ്രഖ്യാപിച്ച് നടി ഡിനി ഡാനിയലും രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ സിനിമ കൂടി വരുമ്പോള്‍ എന്തു ചെയ്യും എന്ന് ചോദിച്ച് ഡിനി ഡാനിയല്‍ രംഗത്ത് എത്തിയിരുന്നു. എന്തായാലും തങ്ങള്‍ സിനിമയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇത് യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ളതല്ല എന്നും ഇതിനെ വെറും ഒരു സിനിമയായി കാണാണമെന്നാണ് അപേക്ഷ എന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ഡിനി ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കേരളത്തില്‍ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകള്‍ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വഴിവക്കില്‍ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകള്‍ക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിര്‍മ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിന്‍മാറിയില്ല. 1967 ല്‍ ജൂണ്‍ മാസത്തില്‍ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.എക്‌സല്‍ പ്രൊസക്ഷന്റെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘മൈനത്തരുവി കൊലക്കേസ്’ ഇല്‍ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്.തോമസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പി എ തോമസ് സംവിധാനം ചെയ്ത ‘മാടത്തരുവി കൊലക്കേസ് ‘ ഇല്‍ കെ.പി ഉമ്മര്‍ , ഉഷാകുമാരി എന്നിവര്‍ വേഷമിട്ടു.

ഈ കേസില്‍ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967 ഇല്‍ തന്നെ ഹൈക്കോടതിയില്‍ നിന്നും വിടുതല്‍ ചെയ്തു വാങ്ങി. 34 കൊല്ലങ്ങള്‍ക്കു ശേഷം 2000 ആണ്ടില്‍ പ്രസ്തുത വൈദികന്‍ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാര്‍ത്ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാന്‍ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാന്‍ മടി കാട്ടാതിരുന്ന വികാരി ഒടുവില്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പില്‍ക്കാലത്തും വന്‍ വാര്‍ത്തയായിരുന്നു.ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകള്‍ രണ്ടും അക്കാലത്തു വന്‍ വിജയമായിരുന്നു താനും.

കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല.ഇതിനെ വെറും ഒരു സിനിമ ആയി കാണാന്‍ അപേക്ഷ

Exit mobile version