‘ക്യാമറയും എടുത്തോണ്ട് എജ്ജാതി ഓട്ടമാണ് ഈ മനുഷ്യന്‍ ഓടിയത്’; ‘ജല്ലിക്കട്ട്’ മേക്കിംഗ് വീഡിയോ

ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്

‘ഈമയൗ’വിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. തീയ്യേറ്ററില്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രം തീയ്യേറ്ററില്‍ എത്തിയത് മുതല്‍ എല്ലാവരും ഏറ്റവും കൂടുതല്‍ പ്രശംസിക്കുന്നത് ചിത്രത്തിന്റെ ക്യാമറാമാനെ ആണ്. അത്രയ്ക്ക് മനോഹരമാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനായി വലിയ ക്യാമറയും എടുത്ത് ഓടുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ഗിരീഷ് ഗംഗാധരന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിച്ചത്.

Exit mobile version