‘ഞാന്‍ മാത്രമേ കണ്ടുള്ളൂ, അവളെന്നെ കണ്ടില്ല’; ‘വികൃതി’യുടെ സക്‌സസ് ടീസര്‍ പുറത്തു വിട്ടു

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്

സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വികൃതി’യുടെ സക്‌സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒക്ടോബര്‍ നാലിന് തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്.

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയുടെ വേഷത്തിലെത്തുന്നത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച ആളിന്റെ വേഷത്തിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരഭി ലക്ഷ്മി, നായികാ നായകന്മാര്‍ ഫെയിം വിന്‍സി, മറീന മൈക്കിള്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, ബാബുരാജ്, നെബീഷ്, ബിട്ടോ ഡേവീസ്, ബാബുരാജ്, അനിയപ്പന്‍, നന്ദകിഷോര്‍, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version