‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നത്, ആദ്യ ടേക്കില്‍ തന്നെ അവര്‍ ഷോട്ട് ഓക്കെ ആക്കി’; ശോഭനയെ കുറിച്ച് അനൂപ് സത്യന്‍

ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രം 'ദളപതി'യിലെ 'യമുനൈ ആട്രിലെ' എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ താരത്തെ വരവേറ്റത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനും അച്ഛന്റെ വഴിയേ സംവിധായകന്‍ ആയിരിക്കുകയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഈ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ ഒന്നിക്കുകയാണ്. ജയരാജ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ഈ ജോഡികള്‍ അവസാനമായി ഒന്നിച്ചത്. ഇപ്പോഴിതാ ശോഭനയുമൊത്തുള്ള ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യന്‍.

ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദളപതി’യിലെ ‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ താരത്തെ വരവേറ്റത്.

‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നു. ‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ് കൂടിയായ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ അവരെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് കൃത്യമായി ഒപ്പിയെടുത്തു. പിന്നീട് സിനിമയ്ക്കായി ക്യാമറ റോള്‍ ചെയ്തപ്പോഴും ആദ്യ ടേക്കില്‍ തന്നെ അവര്‍ ഷോട്ട് ഓക്കേ ആക്കി. ഞാന്‍ ഇപ്പോള്‍ ഒരുപാട് ചിരിക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും. അഭിനയത്തിലെ ഈ രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കരുതുന്നു’ എന്നാണ് അനൂപ് സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. ദുല്‍ഖറിന്റെ തന്നെ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്.

Exit mobile version