‘പുതിയ സിനിമയുടെ നെട്ടോട്ടത്തിനിടയില്‍ വക്കീല്‍ ഓഫീസും പോലീസ് കമ്മീഷണര്‍ ഓഫീസും കയറിയിറങ്ങേണ്ട അവസ്ഥയാണ് എനിക്ക്’; ലാല്‍ജോസ്

laljose | big news live

വാട്ട്‌സ്ആപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വോയ്‌സ് ക്ലിപ്പിനെതിരെ നേരത്തേ സംവിധായകന്‍ ലാല്‍ജോസ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ’41’ ന്റെ തിരക്കുകള്‍ക്ക് ഇടയിലും വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് വക്കീല്‍ ഓഫീസിലും പോലീസ് കമ്മീഷണറുടെ ഓഫീസിലും കയറി ഇറങ്ങേണ്ട അവസ്ഥയാണ് തനിക്കിപ്പോള്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.

താന്‍ നല്‍കിയ പരാതിയില്‍ പോലീസ് മാതൃകാപരമായ നടപടി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ‘വികൃതി’ എന്ന സിനിമയെ കുറിച്ചും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചിത്രമാണിത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി?
വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍.?

Exit mobile version