ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒരുമിച്ച് എത്തുന്നു; ആവേശത്തില്‍ ആരാധകര്‍

വിജയ്‌യുടെ 64-ാം ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിക്കുന്നു. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരു താരങ്ങളും ഒരുമിച്ച് എത്തുന്നുവെന്ന വാര്‍ത്ത കേട്ട് ആവേശത്തിലാണ് ആരാധകര്‍.
വിജയ്‌യുടെ 64-ാം ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തെക്കുറിച്ച് അടുത്ത മൂന്ന് ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചിരുന്നു. അതുപ്രകാരമാണ് കഴിഞ്ഞ ദിവസം ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തത്. ട്വിറ്ററിലൂടെ ആണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ബിഗില്‍’ ആണ് വിജയ്‌യുടെ തീയ്യേറ്ററുകളിലെത്തുന്ന പുതിയ ചിത്രം. നയന്‍താരയാണ് നായിക. വനിതാ ഫുട്ബോള്‍ ടീം പരിശീലകന്‍ ആയിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ഇരട്ട ഗെറ്റപ്പിലുമാണ് താരം ചിത്രത്തിലെത്തുന്നത്. കതിര്‍, ജാക്കി ഷറഫ്, വിവേക്, യോഗി ബാബു, ഐഎം വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘സെയ്റാ നരസിംഹ റെഡ്ഡി’യാണ് വിജയ് സേതുപതിയുടെ അടുത്ത ചിത്രം.

Exit mobile version