ട്രെയിലര്‍ ത്രില്ലടിപ്പിച്ചു; ‘ജല്ലിക്കട്ടി’നെക്കുറിച്ച് മാധവന്‍

ട്വിറ്ററിലൂടെ ആണ് മാധവന്‍ ചിത്രത്തെ പ്രശംസിച്ചത്

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ജല്ലിക്കട്ട്’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഒരു മില്യണിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം മാധവന്‍. ട്വിറ്ററിലൂടെ ആണ് മാധവന്‍ ചിത്രത്തെ പ്രശംസിച്ചത്. ത്രില്ലടിപ്പിച്ചുവെന്നും സവിശേഷവുമായ ട്രെയിലര്‍ എന്നാണ് മാഡി ട്വിറ്ററില്‍ കുറിച്ചത്.


ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

Exit mobile version