ഷോലെയിലെ ‘കാലിയ’ ഇനി ഓര്‍മ്മ; ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു

തിങ്കളാഴ്ച വെളുപ്പിനായിരുന്നു അന്ത്യം

മുംബൈ: ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകഹൃദയങ്ങളില്‍ കയറിപ്പറ്റിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

തിങ്കളാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. 78 വയസായിരുന്നു പ്രായം. ഷോലെ ചിത്രത്തിലെ കൊള്ളക്കാരന്റെ വേഷമാണ് അദ്ദേഹത്തെ നടനെന്ന നിലയില്‍ ഏറെ ശ്രദ്ധേയനാക്കിയത്. ഇതിന് പുറമെ അന്ദാസ് അപ്ന അപ്നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

ഹിന്ദിയിലും മറാത്തിയിലുമായി വിജു ഖോട്ടെ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിശബ്ദസിനമയുടെ കാലത്ത് സജീവമായിരുന്ന നടന്‍ നന്ദു ഖോട്ടെയുടെ മകനാണ് അദ്ദേഹം. നടി ശുഭ ഖോട്ടെ സഹോദരിയാണ്. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ച വിജു ഖോട്ടെ മറാത്തി നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് ചലച്ചിത്രരംഗത്തെത്തിയത്.

Exit mobile version