‘സിനിമയുടെ ടീസര്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുണ്ട്, ഒരു ഷോട്ടെങ്കില്‍ ഒരു ഷോട്ട് ഇതുപോലൊരു പ്രൊജക്ടില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍’; മനസ് തുറന്ന് പൃഥ്വിരാജ്

എന്നാല്‍ എന്റെ സമയപ്രശ്‌നം കൊണ്ടും ഞാന്‍ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നതുകൊണ്ടും എനിക്ക് ഈ സിനിമയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടി കൊച്ചിയില്‍ വെച്ച് ഇന്ന് നടന്നിരുന്നു. ചടങ്ങില്‍ മുഖ്യാതിഥി ആയി എത്തിയ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ചിരഞ്ജീവി തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ തിരക്ക് കാരണം അതിന് സാധിച്ചില്ല എന്നും ഇപ്പോള്‍ ഇതിന്റെ ടീസര്‍ കാണുമ്പോള്‍ സങ്കടമുണ്ടെന്നുമാണ് പൃഥ്വി ചടങ്ങില്‍ പറഞ്ഞത്.

‘ചിത്രത്തിന്റെ ടീസര്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുണ്ട്. ചിരഞ്ജീവി സര്‍ ഈ സിനിമയില്‍ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചതാണ്. എന്നാല്‍ എന്റെ സമയപ്രശ്‌നം കൊണ്ടും ഞാന്‍ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നതുകൊണ്ടും എനിക്ക് ഈ സിനിമയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുവാണ്. കാരണം, ഒരു ഷോട്ടെങ്കില്‍ ഒരു ഷോട്ട് ഇതുപോലൊരു പ്രൊഡക്ടില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുവാണ്’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇതിനു പുറമെ ലൂസിഫറിന്റെ റൈറ്റ്‌സ് ചിരഞ്ജീവിയാണ് വാങ്ങിയതെന്ന കാര്യവും ചടങ്ങില്‍ പൃഥ്വിരാജ് വെളിപ്പെടുത്തി.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version