‘ഇങ്ങനെ സ്നേഹിക്കുന്ന മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല’; കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍

മരണം കവര്‍ന്നെടുത്തെങ്കിലും ഇന്നും ഓരോ മലയാളിയുടെയും മനസിലൂടെ ജീവിക്കുന്ന കലാകാരനാണ് കലാഭവന്‍ മണി. ഇല്ലായ്മയിലൂടെ വന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയ നടനാണ് കലാഭവന്‍ മണി. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ അപ്രതീക്ഷിത വേര്‍പാട് ഇന്നും അദ്ദേഹത്തിന്റെ കൂട്ടുക്കാര്‍ക്കും ആരാധകര്‍ക്കും ഒരു തീരാ നൊമ്പരമാണ്. ഇപ്പോഴിതാ മണിയെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘മണി ചേട്ടന്‍ എന്ന് പറയുന്നത് സ്നേഹം നിറഞ്ഞൊരു ഓര്‍മ്മയാണ്. ഒരിക്കല്‍ മണിചേട്ടന്റെ കൂടെ എനിക്കും ധര്‍മ്മജനും അമേരിക്കയില്‍ സ്റ്റേജ് ഷോ ഉണ്ടായിരുന്നു. എപ്പോഴും വലിയ ഒരു കൂട്ടവുമായിട്ടാകുമല്ലോ മണിചേട്ടന്‍ നടക്കുന്നത്. എന്നാല്‍ അന്ന് അമേരിക്കയിലേക്കു അവരെയെല്ലാം കൊണ്ടു പോകാന്‍ പറ്റാതെ വന്നത് കൊണ്ട് മണി ചേട്ടന്‍ ഒറ്റയ്ക്കായി പോയി. അതുകൊണ്ട് ആ ദിവസങ്ങളില്‍ എന്റെയും ധര്‍മ്മജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവന്‍. കുളിക്കാന്‍ സ്വന്തം റൂമില്‍ പോകുന്നൊരു സമയമൊഴികെ മുഴുവന്‍ നേരവും ഞങ്ങളുടെ കൂടെ.

മണി ചേട്ടന്‍ ആളുകളോട് സ്നേഹം കാണിക്കുന്നത് ഭയങ്കര ആവേശത്തിലാണ്. ഇടിയും പിച്ചും തല്ലുമൊക്കെ കാണും ആ കൂട്ടത്തില്‍. ഏതോ ഒരു സമയത്ത് മണി ചേട്ടന്‍ ധര്‍മ്മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. നന്നായിട്ട് വേദനയെടുത്തപ്പോള്‍ ദേഷ്യത്തില്‍ ധര്‍മ്മജന്‍ എന്തൊക്കെയോ പറഞ്ഞു, ഞാനും ധര്‍മ്മജന്റെ സൈഡില്‍ നിന്നു. അതൊക്കെ കേട്ട് മണിച്ചേട്ടന്‍ റൂമില്‍ നിന്ന് പുറത്തേയ്ക്ക് പോയി. കുറേനേരം കഴിഞ്ഞ് മിമിക്രി ആര്‍ട്ടിസ്റ്റ് സുബി വന്നു ഞങ്ങളോട് ചോദിച്ചു, നിങ്ങള്‍ മണി ചേട്ടനുമായി വഴക്കിട്ടോ എന്ന്. സത്യത്തില്‍ ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. ഇതുകേട്ട് പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് ആ മനുഷ്യന്‍ കുഞ്ഞുകുട്ടികള്‍ കരയുന്നത് പോലെ കരയുന്നതാണ്. ഞങ്ങളെ രണ്ടുപേരെയും മാറിമാറി കെട്ടിപ്പിടിച്ചു കരഞ്ഞു. ഇങ്ങനെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല’ എന്നാണ് വനിതയുമായുള്ള അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞത്.

Exit mobile version