‘ഹനുമാന്‍ റോബോട്ടിന്റെ നെഞ്ചിനകത്ത് സൗബിന്‍’; കൗതുകം ഉണര്‍ത്തി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ പുതിയ പോസ്റ്റര്‍

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. താന്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇതെന്നാണ് പോസ്റ്ററിനൊപ്പം ടൊവീനോ കുറിച്ചത്.

താമരയില്‍ ഇരിക്കുന്ന ഹനുമാന്‍ റോബോട്ടിന്റെ നെഞ്ചിനകത്തുള്ള സൗബിന്റെ ചിത്രമുള്ള കൗതുകമുണര്‍ത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്‌സ് ഡിസൈന്‍ അസ്സോസിയേറ്റ്‌സിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെകെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രം നിര്‍മ്മിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്. നവംബര്‍ 8 ന് ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version