മിസ് കുമാരി യുവപ്രതിഭാപുരസ്‌കാരം; പാര്‍വതി തിരുവോത്തിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ചു

പി ഭാസ്‌കരന്‍-രാമു കാര്യാട്ട് കൂട്ടുക്കെട്ടില്‍ മലയാളത്തില്‍ ഒരുങ്ങിയ നീലക്കുയില്‍ എന്ന ചിത്രത്തില്‍ നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന് സമ്മാനിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ആണ് പുരസ്‌കാരം പാര്‍വതിക്ക് സമ്മാനിച്ചത്.

മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി.മലയാളസിനിമയുടെ നായികാസങ്കല്‍പ്പം ‘നീലക്കുയിലി’ലെ കീഴാളനായികയെ അവതരിപ്പിച്ചുകൊണ്ട് മാറ്റിമറിച്ച മിസ് കുമാരി സിനിമയുടെ ചരിത്രമാണ് എന്നാണ് പരിപാടിയില്‍ കമല്‍ പറഞ്ഞത്.

‘ഉയരെ’ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ അഭിനയം വിസ്മയകരമാണ്. നായികയുടെ മുഖം എത്ര വികൃതമാണെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ക്കുന്നതാണ് ഈ സിനിമയുടെ വിജയം എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിറിയക് തോമസ്, കലാമണ്ഡലം ക്ഷേമാവതി, ജോണി താളിയത്ത്, സിസി വിപിന്‍ചന്ദ്രന്‍, സിഎസ് തിലകന്‍, ബേബിറാം, പിഡി വിശ്വംഭരന്‍, ബക്കര്‍ മേത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version