‘കുഞ്ഞാടെ നിന്റെ മനസില്‍’; ആരാധകര്‍ കാത്തിരുന്ന ഇട്ടിമാണിയിലെ മാര്‍ഗംകളി പാട്ടെത്തി

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കുഞ്ഞാടെ നിന്റെ മനസില്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവന്‍, ബിബി മാത്യൂ ഫോര്‍ മ്യൂസിക്‌സ്, സുല്‍ഫിക്ക്, ദേവിക സൂര്യപ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യൂസിക്‌സാണ്. മോഹന്‍ലാലും സംഘവും അവതരിപ്പിച്ച മാര്‍ഗംകളിയാണ് പാട്ടിന്റെ ഹൈലൈറ്റ്.

പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. ‘ലൂസിഫറി’ന്റെ ഗംഭീര വിജയത്തിന് ശേഷം തീയ്യേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. നവാഗതരായ ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹണി റോസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കെപിഎസി ലളിത, സിദ്ദിഖ്, സലിംകുമാര്‍, അശോകന്‍, ധര്‍മ്മജന്‍, കൈലാഷ്, അജു വര്‍ഗീസ്, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഓണത്തിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version