ഏറെ വിവാദങ്ങൾക്കും വാർത്തകൾക്കും അപ്പുറം മമ്മൂട്ടി നായകനാകുന്ന ഇതിഹാസ ചിത്രം വീണ്ടും സോഷ്യൽമീഡിയയിൽ വാർത്തയിലിടം പിടിക്കുകയാണ്. ഉണ്ണി മുകുന്ദൻ ‘ചന്ദ്രോത്ത് പണിക്കർ’ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് നേരത്തേ തന്നെ വാർത്തയായിരുന്നു. ഇപ്പോഴിതാ ‘മാമാങ്ക’ത്തിന്റെ തയ്യാറെടുപ്പുകളിൽ തനിക്കൊപ്പം നിന്ന ട്രെയ്നർക്ക് ഒരു പുതുപുത്തൻ ബൈക്ക് സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി അമ്പരപ്പിച്ചിരിക്കുകയാണ് താരം.
തന്റെ ട്രെയ്നറായ ജോൺസൺ എപിക്കാണ് ഉണ്ണി മുകുന്ദൻ ബൈക്ക് സമ്മാനമായി നൽകിയത്. യമഹയുടെ ആർ 15 എന്ന മോഡലാണ് നൽകിയത്. ‘ബൈക്ക് നിങ്ങൾക്ക് ഇഷ്ടമായി എന്നതിൽ വലിയ സന്തോഷം. പക്ഷേ മാമാങ്കത്തിനുവേണ്ടി എന്നെ ഒരുക്കിയെടുക്കാൻ നിങ്ങൾ ചിലവഴിച്ച സമയവും ഊർജ്ജവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങൾ എന്നെ പരിശീലിപ്പിച്ചത്. ജോൺസൺ ഏട്ടാ, മുൻകൂർ ഓണാശംസകൾ’, ഉണ്ണി മുകുന്ദൻ സമ്മാനം കൈമാറിയ ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.
അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം ജോൺസണും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘ഇന്ന് വൈകിട്ട് കുസാറ്റ് മിൽമയുടെ അടുത്ത് ഞാൻ ഇരുന്നിടത്തേക്ക് ഉണ്ണി ബൈക്ക് ഓടിച്ചെത്തി. എന്നിട്ട് പറഞ്ഞു ദാ ചേട്ടന് എന്റെയൊരു ചെറിയ ഗിഫ്റ്റ് എന്ന്. ഞാൻ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയിൽ ആയി’, ജോൺസൺ പറയുന്നതിങ്ങനെ.
