‘ഹീറോയിസം ഇല്ലാത്ത, അതിമാനുഷികനല്ലാത്ത ഒരാളാണ് എന്റെ നായകന്‍’; ബ്രദേഴ്സ് ഡേയെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍

നടന്‍ കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. ഷാജോണും പൃഥ്വിരാജും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ പൃഥ്വിരാജ് റോണി എന്ന കാറ്ററിംഗ് കമ്പനിയിലെ ജോലിക്കാരനായാണ് എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ റോണിയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജോണ്‍. ഇന്ത്യന്‍എക്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

‘പലരും കരുതുന്നതു പോലെ പൃഥ്വിരാജിന്റെ കഥാപാത്രം ഹിറ്റ്ലര്‍ മാധവന്‍ കുട്ടിയുടെ ന്യൂജെന്‍ വേര്‍ഷനൊന്നുമല്ല. ഹീറോയിസം ഇല്ലാത്ത, അതിമാനുഷികനല്ലാത്ത ഒരാളാണ് റോണി. ജോയ്സ് കാറ്ററിംഗ് എന്നൊരു കമ്പനിയിലെ ജോലിക്കാരനാണ് അയാള്‍. എറണാകുളത്തെ ചെല്ലാനം പോലുള്ള ഗ്രാമാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍. സാധാരണക്കാരുടെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും പ്രശ്നങ്ങളും സഹോദരി സഹോദര ബന്ധവും ഒക്കെയാണ് ഈ സിനിമയ്ക്ക് വിഷയമായിരിക്കുന്നത്. പലരും എന്നോട് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ ന്യൂജനറേഷന്‍ വേര്‍ഷനാണോ ചിത്രത്തിലെ റോണിയെന്ന് ചോദിച്ചിരുന്നു. പക്ഷേ അതല്ല, ചിത്രത്തിലെ നാല് നായികമാര്‍ക്കും തമ്മില്‍ ബന്ധമില്ല. പക്ഷേ അതേസമയം അവര്‍ക്ക് നാലുപേര്‍ക്കും ചിത്രത്തില്‍ തുല്യപ്രാധാന്യവും ഉണ്ട്’ എന്നാണ് ഷാജോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരാണ് നായികമാരായി എത്തുന്നത്. ലാല്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version