‘മമ്മൂക്കയെ അനുകരിച്ച് പണ്ട് ഞാന്‍ ‘രഹസ്യ ഐഡി’ കൊണ്ടുപോവാറുണ്ടായിരുന്നു’; കുഞ്ചാക്കോ ബോബന്‍

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അഞ്ചാം പാതിര’ എന്ന ക്രൈം ത്രില്ലറിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ എത്തുകയാണ് കുഞ്ചാക്കോ ബോബന്‍. മിഥുനും ഞാനും ചേര്‍ന്ന് ക്രൈം ത്രില്ലര്‍ ചെയ്യുന്നുവെന്ന് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടുവെന്നും എന്നാല്‍ ഇരുവരുടേയും പ്രിയപ്പെട്ട ജോണര്‍ ക്രൈം ത്രില്ലര്‍ ആണെന്നുമാണ് ചാക്കോച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പണ്ട് മമ്മൂട്ടിയെ അനുകരിക്കാന്‍ ശ്രമിച്ച കാര്യവും ചാക്കോച്ചന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘ഒരു സിബിഐ ഡയറി കുറിപ്പ് എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ അദ്ദേഹത്തെപ്പോലെ ഒരു കാവി മുണ്ടൊക്കെ ഉടുത്ത് ഞാന്‍ നടക്കും. സിനിമയിലെന്നപോലെ, സ്‌കൂള്‍ യൂണിഫോമിന്റെ ട്രൗസറിനുള്ളില്‍ ഞാന്‍ ഒരു രഹസ്യ പോക്കറ്റ് തുന്നിക്കെട്ടി എന്റെ ഫോട്ടോയും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ‘രഹസ്യ ഐഡി കാര്‍ഡ്’ സൂക്ഷിക്കാറുണ്ടായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അത് കൊണ്ടു പോവാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്തെല്ലാം ആയിത്തീരാന്‍ ആഗ്രഹിച്ചിട്ടുണ്ടോ, ആ വേഷങ്ങളെല്ലാം ഞാന്‍ എന്റെ സിനിമകളിലൂടെ ചെയ്തു’ എന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘അഞ്ചാം പാതിര’യില്‍ ചാക്കോച്ചനൊപ്പം ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ ആണ് അഞ്ചാം പാതിരയും നിര്‍മ്മിക്കുന്നത്.

Exit mobile version