‘ഇത്രയും ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി’; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍

മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. പന്തുകള്‍ കൊണ്ട് അമ്മാനമാടി ആരാധകരുടെ മനസ് കീഴടക്കിയ താരം ചുരുക്കം ചില ചിത്രങ്ങളിലൂടെ വന്ന് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അദ്ദേഹത്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’.

തമിഴില്‍ അദ്ദേഹം അഭിനയിച്ച് റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ബിഗില്‍’. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. നയന്‍താരയാണ് നായിക. വിജയിയുടെ കടുത്ത ആരാധകനായ തനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു വിജയന്‍. ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഇത്രയും വലിയ താരമായ അദ്ദേഹം ‘സാര്‍’ എന്ന് ചേര്‍ത്താണ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ ഇത്ര എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും ഐഎം വിജയന്‍ പറഞ്ഞു. ഇടവേളകളില്‍ വിജയ് തന്നോട് ചോദിച്ചതൊക്കെ ഫുട്ബോളിനെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പന്തുകളിയെക്കുറിച്ചാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം അദ്ദേഹം യുട്യൂബില്‍ കണ്ടിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും വളരെ കൗതുകത്തോടെയാണ് അദ്ദേഹം ചോദിച്ചറിഞ്ഞതെന്നും ഐഎം വിജയന്‍ പറയുന്നു. ദീപാവലിക്കാണ് ബിഗില്‍ തീയ്യേറ്ററുകളിലെത്തുക.

Exit mobile version