‘ലാലിന്റെ അഭിനയത്തിന്റെ വിസ്മയം കണ്ടു നിന്ന രാത്രിയായിരുന്നു അത്’; രഞ്ജിത്ത്

മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ്വം ചില ചിത്രങ്ങളില്‍ ഒന്നാണ് ഐവി ശശി-രഞ്ജിത്ത് -മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 1993ല്‍ പുറത്തിറങ്ങിയ ദേവാസുരം. ചിത്രം റിലീസ് ചെയ്ത് 26 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും, രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രവും ഇന്നസെന്റിന്റെ വാര്യരും ഇന്നും പ്രേക്ഷക മനസില്‍ മായാതെ നില്‍ക്കുന്നവയാണ്.

ഇപ്പോഴിതാ ദേവാസുരത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തന്റെ മനസില്‍ മായാതെ മറക്കാന്‍ പറ്റാതെ നില്‍ക്കുന്ന ഒരു രംഗമുണ്ടെന്ന് പറയുകയാണ് രഞ്ജിത്ത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിലെ വിസ്മയം താന്‍ കണ്ടുനിന്ന ഒരു രാത്രിയെ കുറിച്ചാണ് രഞ്ജിത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘ദേവാസുരത്തിന്റെ ചിത്രീകരണത്തിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്ഠന്‍ അമ്മയെ കണ്ട് മടങ്ങിവന്ന് താന്‍ അച്ഛനില്ലാത്തവനാണെന്ന് അറിഞ്ഞ് തകര്‍ന്നു നില്‍ക്കുന്ന സീന്‍. കാര്‍ ഷെഡ് തുറന്ന് അച്ഛന്റെ പഴയകാറിനോട് സംസാരിക്കുന്ന ആ സീന്‍, വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നതു വരെ എടുത്തിട്ടാണ് തീര്‍ന്നത്. ആ സീനില്‍ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്‌നങ്ങള്‍ കാരണം സീന്‍ വീണ്ടും എടുക്കേണ്ടി വന്നു.

ലാലിന്റെ അഭിനയത്തിന്റെ വിസ്മയം ഞാന്‍ കണ്ടു നിന്ന രാത്രിയായിരുന്നു അത്. ലാല്‍ ഡയലോഗുകള്‍ മുഴുവനും മനഃപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ തലതുവര്‍ത്തി വന്ന് എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് നില്‍ക്കുകയും ചെയ്യും. പക്ഷേ ഞാന്‍ അപ്പോഴും ആ സീനിന്റെ ഹാങ്ങോവറില്‍ തന്നെയായിരിക്കും ഇരിക്കുന്നത്. വീണ്ടും ഷോട്ട് റെഡി എന്നു പറയുമ്പോള്‍ തന്നെ ഒറ്റ നിമിഷം കൊണ്ട് ലാല്‍ കഥയിലെ നീലകണ്ഠനായി മനസു തകര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയില്‍’ എന്നാണ് രഞ്ജിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Exit mobile version