എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയേക്കും

പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ചെറിയ മാറ്റം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഈ വര്‍ഷം രാവിലെ നടത്താന്‍ ആലോചന.  ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്തും.

മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നുമുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണമായി പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച് നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ മാറ്റം വരുത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി.

പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.  ബാലാവകാശ കമ്മീഷന്‍ വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം തേടിയിരുന്നു.

എന്നാല്‍ നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്‌കൂളുകളിലെത്തിക്കുന്നത്. പരീക്ഷ രാവിലെയാക്കിയാല്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍നിന്ന് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

Exit mobile version