അഫ്ഗാന്‍ പൊരുതി, കോഹ്‌ലിപ്പട വീണില്ല; അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത്. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 224 റണ്‍സാണ് നേടിയത്. പൊരുതിക്കളിച്ച അഫ്ഗാന്‍ 48.9 ഓവറില്‍ 213 റണ്‍സാണെടുത്തത്. നേരത്തെ വിരാട് കോഹ്ലിയുടെയും കേദാര്‍ ജാദവിന്റെയും അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

224 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനു വേണ്ടി മുഹമ്മദ് നബിയും (52) റഹ്മത്ത് ഷായും(36), നൈബും (27), ഷഹീദി (21), നജീബുള്ള (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്കായി ഷമി മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബൂമ്ര, ചാഹല്‍, ഹര്‍ദ്ദിക്, എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

നായകന്‍ വിരാട് കോഹ്ലി (67) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ കേദാര്‍ ജാദവ് (52), രാഹുല്‍ (30), വിജയ് ശങ്കര്‍ (29), എംഎസ് ധോണി (28) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ ഒരിക്കല്‍പ്പോലും അഫ്ഗാന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നില്ല.

അഫ്ഗാനിസ്ഥാനായി മൊഹമ്മദ് നബിയും നൈബും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം, എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Exit mobile version