രവി ശാസ്ത്രി ഐപിഎല്ലില്‍ അഹമ്മദാബാദിന്റെ പരിശീലകനായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രവിശാസ്ത്രി ഐപിഎല്ലിലേക്കെന്ന് സൂചന. പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലകനായാവും ശാസ്ത്രി എത്തുക.

മുഖ്യ പരിശീലക സ്ഥാനം അഹമ്മദാബാദ് മുന്‍പോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ശാസ്ത്രി. ലോകകപ്പിന് ശേഷം മാത്രമാവും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അന്തിമ തീരുമാനം. രവി ശാസ്ത്രിയെ കൂടാതെ കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് എത്തും എന്നാണ് സൂചന. ട്വന്റി20 ലോകകപ്പോടെ ഈ മൂന്ന് പേരുടെയും ബിസിസിഐയുമായുള്ള കരാര്‍ അവസാനിക്കും.

അഹമ്മദാബാദ്, ലഖ്‌നൗ എന്നീ രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാവുന്നത്. 7090 കോടി രൂപയ്ക്കാണ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സഞ്ചീവ് ഗോയങ്കയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത്. സിവിസി ക്യാപിറ്റല്‍സ് അഹമ്മദാബാദിനായി 5625 കോടിയും മുടക്കി.

Exit mobile version