“ഇതിനുമുമ്പും ഇന്ത്യ പാകിസ്താനോട് തോറ്റിറ്റുണ്ട്, പക്ഷേ എന്നോടാരും പാകിസ്താനില്‍ പോകാന്‍ പറഞ്ഞിട്ടില്ല, ഇതിനൊരു അവസാനം വേണം”: ഇര്‍ഫാന്‍ പഠാന്‍

ദുബായ് : ലോകകപ്പ് മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യ പാകിസ്താനോട് ഇതിനുമുമ്പ് പരാജയപ്പെട്ടപ്പോള്‍ താന്‍ ടീമിലുണ്ടായിരുന്നുവെന്നും തന്നോടാരും പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം ട്വീറ്റ് ചെയ്തു.

“ഞാന്‍ സംസാരിക്കുന്നത് കുറച്ച് നാള്‍ മുമ്പുള്ള കാര്യമാണ്. അന്നും പാകിസ്താനോട് ഇന്ത്യ തോറ്റിറ്റുണ്ട്. ഞാന്‍ ടീമിന്റെ ഭാഗവുമായിരുന്നു. അന്നൊന്നും എന്നോടാരും പാകിസ്താനില്‍ പോകൂ എന്ന് പറഞ്ഞിട്ടില്ല. ഈ അനാവശ്യം അവസാനിക്കണം.” പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

പാകിസ്താനോട് തോറ്റതിന് നിരവധി ആക്ഷേപങ്ങളാണ് ഷമി സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. ഇന്ത്യന്‍ ടീമിലെ പാകിസ്താനി എന്നും, എത്ര പണം കിട്ടി എന്നതുമടക്കമുള്ള അധിക്ഷേപങ്ങളാണ്‌ സോഷ്യല്‍ മീഡിയയിലുടനീളം. പാകിസ്താനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടു കൊടുത്തത്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഷമിയുടെ ദേശീയതയും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയായിരുന്നു.

ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സേവാഗ് അടക്കം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ടെന്നും ആ ദേശസ്‌നേഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ലെന്നുമായിരുന്നു സേവാഗിന്റെ ട്വീറ്റ്.

Exit mobile version