“നന്ദി റബേക്ക” : ജഴ്‌സി ഡിസൈന്‍ ചെയ്ത പന്ത്രണ്ട് വയസ്സുകാരിയെ പരിചയപ്പെടുത്തി സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ടീം

എഡ്വിന്‍ബ്ര : കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരായ കളിയില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ടീം. ആഘോഷത്തിമിര്‍പ്പില്‍ ബംഗ്ലദേശ് ക്യാപ്റ്റന്റെ വാര്‍ത്താ സമ്മേളനം വരെ മുടക്കി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സ്‌കോട്ടിഷ് താരങ്ങള്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

തങ്ങളുടെ ജഴ്‌സി ഡിസൈന്‍ ചെയ്ത ആളെ പരിചയപ്പെടുത്തിയാണ് ടീം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അത്ഭുതമെന്തെന്നാല്‍ ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നതൊരു പന്ത്രണ്ട് വയസ്സുകാരിയാണ് – റബേക്ക ഡൗണിയെന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി. ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ജഴ്‌സി ധരിച്ച് ചിരിച്ച് നില്‍ക്കുന്ന റബേക്കയുടെ ചിത്രത്തോടൊപ്പം ‘നന്ദി റബേക്ക’ എന്ന കുറിപ്പോടെ സ്‌കോട്ട്‌ലന്‍ഡ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

ജഴ്‌സി ഡിസൈന്‍ ചെയ്യുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാമതെത്തിയാണ് ഈ സുവര്‍ണാവസരം റബേക്ക സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള 200 സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എന്‍ട്രികളില്‍ നിന്നാണ് റബേക്കയുടെ ജഴ്‌സി ബോര്‍ഡ് തിരഞ്ഞെടുത്തത്. പര്‍പ്പിളും കറുപ്പും ഇടകലര്‍ന്നതാണ് ജഴ്‌സിയുടെ ഡിസൈന്‍.സ്‌കോട്ട്‌ലന്‍ഡ് ദേശീയ ചിഹ്നത്തിലെ കള്ളിമുള്‍ച്ചെടിയില്‍ നിന്നാണ് ഡിസൈനിന് വേണ്ടിയുള്ള നിറങ്ങള്‍ റബേക്ക തിരഞ്ഞെടുത്തത്.

Exit mobile version