വോട്ടെടുപ്പ് കഴിഞ്ഞാല്‍ കുത്തനെ ഉയരാന്‍ കാത്ത് എണ്ണവില; ക്രൂഡ് ഓയില്‍ കുതിപ്പില്‍ തന്നെ

അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കയറൂരി വിട്ടതു പോലെ വന്‍തോതില്‍ ഉയര്‍ന്നേക്കും.

തിരുവനന്തപുരം: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്ന ഇന്ധനവില വോട്ടെടുപ്പ് കഴിയുന്നതോടെ കുതിച്ചുപായുമെന്ന് റിപ്പോര്‍ട്ട്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കയറൂരി വിട്ടതു പോലെ വന്‍തോതില്‍ ഉയര്‍ന്നേക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 10 ശതമാനത്തിനടുത്ത് ഉയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല.

പെട്രോളിന് ലിറ്ററിന് 74.83 രൂപയും ഡീസലിന് 70.25 രൂപയുമായിരുന്നു കഴിഞ്ഞദിസവസം കൊച്ചി നഗരത്തിലെ എണ്ണവില. അതേസമയം, മാര്‍ച്ചില്‍ ഒരു വീപ്പയ്ക്ക് 66.74 ഡോളറും ഫെബ്രുവരിയില്‍ 64.53 ഡോളറുമായിരുന്ന ഇന്ത്യന്‍ ബാസ്‌കറ്റിലുള്ള ക്രൂഡിന്റെ വില ഏപ്രിലില്‍ 71 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 74.83 രൂപയും ഡീസലിന് 70.25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കഴിഞ്ഞദിവസത്തെ വില. മാര്‍ച്ചില്‍ അത് 66.74 ഡോളറും ഫെബ്രുവരിയില്‍ 64.53 ഡോളറുമായിരുന്നു.

ഇതിനിടെ, ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. 2018-19-ല്‍ 11,420 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ്. ഇതിന്റെ 10.6 ശതമാനമായ 1,210 കോടി ഡോളറിനുള്ള എണ്ണ ഇറാനില്‍ നിന്നാണ് വാങ്ങിയത്.

ആഗോള ക്രൂഡോയില്‍ കയറ്റുമതിയുടെ നാല് ശതമാനവും ഇറാനില്‍ നിന്നുള്ള എണ്ണയുടേതാണ്. ഇതിന് വിലക്ക് വന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഇന്ത്യക്കു പുറമെ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, തായ്വാന്‍, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ് നേരിടുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം അവസാനിക്കാത്തതും എണ്ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കും.

Exit mobile version