യുപി പോലീസ് ക്രമസമാധാനപാലനം കോമഡിയാക്കി; യോഗിയെ വെട്ടിലാക്കി സ്വന്തം മന്ത്രി രംഗത്ത്

ലഖ്നൗ: മന്ത്രിസഭയ്ക്കകത്തുനിന്നുതന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആപ്പിള്‍ എക്സിക്യൂട്ടിവിനെ വെടിവെച്ചുകൊന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിലെ ഘടകകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നോക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

സംഭവം മൂടിവെയ്ക്കാനും അട്ടിമറിയ്ക്കാനും ശ്രമിച്ച യുപി പോലീസ് ക്രമസമാധാനപാലനം കോമഡിയാക്കി മാറ്റിയെന്ന് രാജ്ഭര്‍ അഭിപ്രായപ്പെട്ടു. ഏറ്റുമുട്ടലെന്ന പേരില്‍ പണം വാങ്ങി പോലീസ് ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനോ ജനങ്ങളുടെ സുരക്ഷിതത്വം ഏറ്റെടുക്കാനോ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ എക്സിക്യൂട്ടിവിനെ വെടിവെച്ചുകൊന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നും രാജ്ഭര്‍ പറഞ്ഞു.

യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാംഗം തന്നെ രംഗത്തെത്തിയത് യോഗിക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

Exit mobile version