കടക്കെണിയില്‍ കുരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ഓഹരികള്‍ വാങ്ങി രക്ഷപ്പെടുത്താന്‍ ഒരുങ്ങി ടാറ്റ

കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്.

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, ജെറ്റ് എയര്‍വേയ്സുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെറ്റ് എയര്‍വെയ്സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റാ ഗ്രൂപ്പിന്റെ ആവശ്യമെന്നാണ് സൂചന. കൂടാതെ ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ മുഖാന്തരം മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ട്.

ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നിവയെ തുടര്‍ന്ന് വന്‍പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേയ്സ് നേരിടുന്നത്. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് ജെറ്റ് എയര്‍വേയ്സിന്റെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയര്‍വേയ്സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി. വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയര്‍വേയ്സിന്റെ പ്രതികരണം.

Exit mobile version