യെസ് ബാങ്ക് ഇടപാടുകാർക്ക് ഇനി നിയന്ത്രണങ്ങളെ ഭയക്കേണ്ട; ബാങ്കിന്റെ മോറട്ടോറിയം റിസർവ് ബാങ്ക് ബുധനാഴ്ച പിൻവലിക്കും

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് നിയന്ത്രണം ഏറ്റെടുത്ത യെസ് ബാങ്കിന്റെ ഇടപാടുകാർക്ക് ഇനി ആശ്വസിക്കാം. ബാങ്കിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം ബുധനാഴ്ച്ച പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 18 ബുധനാഴ്ച മുതൽ ഇടപാടുകാർക്ക് 50000 രൂപയുടെ മുകളിൽ പിൻവലിക്കാവുന്നതാണ്. ബാങ്ക് പുനർ ജീവനപാക്കേജിനുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭായോഗം ചർച്ച ചെയ്താണ് യെസ് ബാങ്ക് പുനർജീവന പാക്കേജിന് അനുമതി നൽകിയത്. മൊറട്ടോറിയം പിൻവലിക്കുന്നതോടെ ഇന്റർനെറ്റ്, ഫോൺ ബാങ്കിങ്, എടിഎം തുടങ്ങിയ സേവനങ്ങൾ നിയന്ത്രണമില്ലാതെയും ഉപയോഗിക്കാം. നിലവിലുള്ള തൊഴിലാളികളെ നിലനിർത്താനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം, യെസ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി എസ്ബിഐ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രശാന്ത് കുമാറിനെ നിയോഗിച്ചു. എസ്ബിഐയിൽ നിന്ന് 2 പേരേയും ബോർഡ് ഓഫ് ഡയറക്ടർമാരായി നിയോഗിച്ചിട്ടുണ്ട്. യെസ് ബാങ്കിൽ 49 ശതമാനം ഓഹരി ഇനി എസ്ബിഐയ്ക്ക് ആയിരിക്കും. യെസ് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നേരത്തെ ഏപ്രിൽ 3 വരെയായിരുന്നു റിസർവ് ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഉടമയായ റാണ കപൂർ അറസ്റ്റിലുമായിരുന്നു.

Exit mobile version