മതവികാരം വ്രണപ്പെടുത്തി; ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടികള്‍ വില്‍പ്പന നടത്തിയ ആമസോണിനെതിരെ രോഷം കനക്കുന്നു

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഓണ്‍ലൈന്‍ വ്യാപരശൃംഖലയായ ആമസോണിനെതിരെ രോഷം കനക്കുന്നു. ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടിമെത്തകള്‍ വില്‍പ്പന നടത്തിയതിനെതിരെയാണ് രോഷം. ഉല്‍പ്പനങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തി ആമസണ്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

‘ബോയ്‌കോട്ട് ആമസണ്‍’ എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്. ഗണപതിയുടെ ചിത്രങ്ങളുള്ള ചവിട്ടിമെത്തകള്‍ക്കൊപ്പം ദേശീയ പതാകയുടെയും ചവിട്ടിമെത്തകളും ആമസോണ്‍ ഇറക്കിയിരുന്നു.

നിലത്ത് വിരിക്കുന്നതും ശുചിമുറികളില്‍ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രമുള്ളത്. ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രമുള്ളവയും ആമസണിലുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇത്തരം ഉല്‍പ്പനങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പും ആമസോണിനെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടൊയ്‌ലറ്റ് സീറ്റ് കവറുകള്‍ ചവിട്ടികളും കണ്ടെത്തിയ സാഹചര്യത്തില്‍ ആമസോണിനെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു.

Exit mobile version