ഡിസംബര്‍ ഒന്നിന് ശേഷം എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം

അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല.

മുംബൈ: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി എസ്ബിഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബര്‍ 30ന് മുന്‍പ് അക്കൗണ്ടുള്ള ബ്രാഞ്ചില്‍ ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ നല്‍കണം.

നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും. ഇതിനായി യൂസര്‍നെയിം പാസ്‌വേഡ് എന്നിവ നല്‍കി നെറ്റ്ബാങ്കിങ് സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം മൈ അക്കൗണ്ട്‌സ് ആന്റ് പ്രൊഫൈല്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭ്യമാവുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് പ്രൊഫൈല്‍ തെരഞ്ഞെടുക്കണം.

ഇതില്‍ പേഴ്‌സണല്‍ ഡീറ്റെയില്‍സ്/മൊബൈല്‍ എന്ന ഓപ്ഷനുണ്ടാകും. തുടര്‍ന്ന് പ്രൊഫൈല്‍ പാസ്‌വേഡ് സൈറ്റില്‍ നല്‍കണം. ഇതോടെ നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ പരിശോധിക്കാം. ഇതില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ നെറ്റ് ബാങ്കിങ് സൗകര്യം തടസ്സപ്പെടില്ല. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

എന്നാല്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാന്‍ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങള്‍ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാര്‍ഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

Exit mobile version