അഭിനയം കൊണ്ടല്ല ഊർമ്മിള പ്രശസ്തയായത്; വ്യക്തിയധിക്ഷേപവുമായി കങ്കണ

ബോളിവുഡിലെ താരങ്ങൾ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരെന്ന തന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച മുൻ ബോളിവുഡ് നടിയും കോൺഗ്രസ് നേതാവുമായ ഊർമ്മിള മദോണ്ഡ്ക്കർക്ക് എതിരെ വ്യക്തിയധിക്ഷേപവുമായി നടി കങ്കണ റണൗത്ത്. ഊർമ്മിള അവരുടെ അഭിനയ പാടവം കൊണ്ട് പ്രശസ്തയായതല്ലെന്നും അവർ ഒരു സോഫ്റ്റ്‌പോൺ താരമാണെന്നും കങ്കണ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. ഊർമ്മിള ഈയടുത്ത് നൽകിയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം താൻ കണ്ടിരുന്നു എന്ന് പറഞ്ഞ് തുടങ്ങിയ കങ്കണ പിന്നീട് ഊർമ്മിളയ്‌ക്കെതിരെ കടുത്തഭാഷയിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

”എന്നെ കുറിച്ച് ഊർമ്മിള വളരെ മോശമായാണ് ആ അഭിമുഖത്തിൽ സംസാരിച്ചത്. എന്റെ കഷ്ടപ്പാടുകളെ അവർ മുഖത്തെ ചേഷ്ടകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും പരിഹസിക്കുകയായിരുന്നു. ബിജെപിയുടെ ടിക്കറ്റിന് വേണ്ടിയാണ് ഞാൻ കഷ്ടപ്പെട്ട് ശ്രമിക്കുന്നത് എന്നൊക്കെയാണ് ഊർമ്മിള പറയുന്നത്. എനിക്ക് ഒരു ടിക്കറ്റ് ലഭിക്കാൻ അത്ര പ്രയാസമുണ്ടെന്ന് ആരെങ്കിലും കരുതുമോ? ഊർമ്മിള ഒരു സോഫ്റ്റ് പോൺ സ്റ്റാറാണ്. അവരെന്തായാലും അഭിനയം കാരണം പ്രശസ്തയായതല്ല. അവർ അറിയപ്പെടുന്ന വ്യക്തിയായതെങ്ങനെയാണ്? സോഫ്റ്റ് പോൺ ചെയ്തതുകൊണ്ടല്ലേ. അവർക്ക് പോലും ഒരു ടിക്കറ്റ് കിട്ടിയെങ്കിൽ എനിക്ക് എന്തുകൊണ്ട് ഒരു ടിക്കറ്റ് കിട്ടില്ല”- കങ്കണയുടെ പരാമർശം ഇങ്ങനെ.

അതേസമയം, രംഗീലയിലൂടെ ബോളിവുഡിലെത്തി പിന്നീട് ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായ ഊർമ്മിളയെ ആക്ഷേപിച്ച കങ്കണയ്‌ക്കെതിരെ ബോളിവുഡ് താരങ്ങളും അണിയറ പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

രംഗീലയും ചമത്കാറും ഉൾപ്പടെയുള്ള ഊർമ്മിളയുടെ വിജയചിത്രങ്ങളുടെ നീണ്ട പട്ടിക കുറിപ്പായി നൽകി ഈ ചിത്രങ്ങളിലെ അമ്പരപ്പിക്കുന്ന നിങ്ങളുടെ പ്രകടനം ഞാൻ ഓർത്തുപോവുകയാണ്, ഞാൻ നിങ്ങളെയും നിങ്ങളുടെ നൃത്തത്തേയും സ്‌നേഹിക്കുന്നു. എന്ന കുറിപ്പോടെയാണ് സ്വര ഭാസ്‌കർ കങ്കണയ്ക്ക് പരോക്ഷ മറുപടി നൽകിയിരിക്കുന്നത്.

അനുഭവ് സിൻഹ ഊർമ്മിളയോടുള്ള തന്റെ സ്‌നേഹം ട്വീറ്റായി പ്രകടിപ്പിച്ചും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version