സുശാന്ത് ഇതിലും വലിയ പ്രശ്‌നങ്ങളെ തരണം ചെയ്ത വ്യക്തിയാണ്; റിയയ്‌ക്കെതിരെ മൊഴി നൽകി മുൻകാമുകി അങ്കിത

ബോളിവുഡ് താരം സുശാന്ത്സിങ് രജ്പുത്തിന്റെ മരണത്തിൽ കാമുകി റിയ ചക്രബർത്തിക്ക് എതിരെ മുൻ കാമുകി. വിഷാദത്തെ തുടർന്നാണ് നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖൻഡെ. പവിത്ര് റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിരുന്ന ഇരുവരും ദീർഘകാലം പ്രണയത്തിലും ലിവി ഇൻ റിലേഷൻഷിപ്പിലുമായിരുന്നു. പിന്നീട് 2016ൽ ഇരുവരും വേർപിരിഞ്ഞു. എങ്കിലും സൗഹൃദം തുടർന്നിരുന്നു.

ഇതിനിടെ, സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കാമുകി റിയ ചക്രബർത്തിക്കെതിരേ അങ്കിത മൊഴി നൽകിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നൽകിയതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് അടുക്കുകയാണ്. പരസ്യപ്രതികരണവുമായി അങ്കിത രംഗത്തെത്തുകയും ചെയ്തു. റിപബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ-”സുശാന്തിനെ വർഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദരോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോഗമില്ല. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതിൽ അദ്ദേഹം അഞ്ച് ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു.”- അങ്കിത പറയുന്നു.

സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദ രോഗം എന്ന് വിളിക്കുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു. അതിൽ എന്തൊക്കെയോ ദൂരൂഹതകളുണ്ടെന്നും അങ്കിത പറഞ്ഞു.

അതേസമയം, സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് റിയയാണെന്നാണ് നടന്റെ പിതാവ് കെകെ സിങ് നൽകിയ പരാതിയിൽ പറയുന്നത്. കേസ് പാട്‌ന പോലീസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരെ റിയ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ആറ് ദിവസം മുൻപ് തന്നെ താൻ അദ്ദേഹത്തിന്റെ വീട് വിട്ടിറങ്ങിയെന്നും ആരോപണങ്ങൾ വാസ്തവമല്ലെന്നും റിയ പറയുന്നു. കേസ് പാട്‌ന പോലീസ് അന്വേഷിക്കുന്നതിൽ അതൃപ്തിയുണ്ടെന്നും തന്നെ പ്രതിയാക്കാൻ പോലീസും സുശാന്തിന്റെ കുടുംബവും ശ്രമിക്കുകയാണെന്നുമാണ് റിയയുടെ ആരോപണം.

Exit mobile version