കൂടുതല്‍ സ്‌റ്റൈലിഷായ എര്‍ട്ടിഗ അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍

ജനപ്രിയ താരം എര്‍ട്ടിഗയുടെ രണ്ടാം പതിപ്പ് അടുത്തമാസം 21ന് വിപണിയിലെത്തും.

ജനപ്രിയ താരം എര്‍ട്ടിഗയുടെ രണ്ടാം പതിപ്പ് അടുത്തമാസം 21ന് വിപണിയിലെത്തും. കൂടുതല്‍ സ്‌റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക്. അല്‍പ്പം വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മനോഹരമായ ടെയില്‍ ലാംപും പുതിയ എര്‍ട്ടിഗയിലുണ്ട്. ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയ എര്‍ട്ടിഗ അധികം മാറ്റങ്ങളില്ലാതെയായിരിക്കും ഇന്ത്യയിലെത്തുക.

പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതുപോലുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് എര്‍ട്ടിഗയ്ക്കും. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകള്‍, കൂടാതെ 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഇഗ്നിസ്, ഡിസയര്‍, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന ഹെര്‍ട്ട്‌ടെക് പ്ലാറ്റ്‌ഫോം തന്നെയാണ് പുതിയ എര്‍ട്ടിഗയിലും. ഭാരം കുറഞ്ഞതും കരുത്തുള്ളതുമായ ഈ പ്ലാറ്റ്‌ഫോം എര്‍ട്ടിഗയിലെത്തുമ്പോള്‍ വാഹനത്തിന് അടിമുടി മാറ്റങ്ങള്‍ സംഭവിക്കും.

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്പെയ്സ് ഉണ്ട് പുതിയ കാറിന് എന്നാണ് സുസുക്കി അവകാശപ്പെടുന്നത്. നിലവിലെ എര്‍ട്ടിഗയേക്കാള്‍ ബൂട്ട്‌സ്‌പെയ്‌സ് അല്‍പ്പം കുറവാണ് പുതിയതിന്. ഉള്ളിലെ സ്ഥലം വര്‍ധിച്ചതായിരിക്കും കാരണം.

ഇന്തോനേഷ്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തില്‍ പുതിയ കെ15ബി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 1.5 ലീറ്റര്‍ കപ്പാസിറ്റിയുള്ള എന്‍ജിന്‍ 104 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 18.06 കി.മീയാണ് പുതിയ എന്‍ജിന്റെ മൈലേജ്. പുതിയ വാഹനത്തിനും. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് എത്തുന്നതെങ്കിലും പിന്നീട് മാരുതി പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗയില്‍ വന്നേക്കാം.

Exit mobile version