അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധന വിലയിലെയും വര്‍ധനവ്; വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ടാറ്റയും

നാല്‍പതിനായിരം രൂപ വരെയുള്ള വിലവര്‍ധനവാകും വിവിധ മോഡലുകള്‍ക്ക് ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കി

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ വില കൂടും. നാല്‍പതിനായിരം രൂപ വരെയുള്ള വിലവര്‍ധനവാകും വിവിധ മോഡലുകള്‍ക്ക് ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധിച്ചതാണ് വാഹനങ്ങളുടെ വില കൂട്ടാന്‍ കാരണമായി കമ്പനി പറയുന്നത്.

ടാറ്റയ്ക്ക് പുറമെ മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ഫോക്‌സവാഗണും ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നുണ്ട്. ജനുവരി ഒന്നു മുതല്‍ ടോയോട്ടയുടെ എല്ലാ മോഡലുകള്‍ക്കും നാല് ശതമാനം വില വര്‍ധിക്കും. ഫോര്‍ഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയും ബിഎംഡബ്ല്യു നാലുശതമാനവും ഫോക്‌സ് വാഗന്‍ മൂന്നു ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം.

ഇതിനു പുറമെ മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റില്‍ നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.

Exit mobile version