ആ ചിത്രം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു; പ്രതികരണവുമായി ട്രംപും പോപ് ഫ്രാന്‍സിസും

'ആ ചിത്രത്തോട് വെറുപ്പാണെന്ന്' ട്രംപ് പറഞ്ഞു. അതേസമയം ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ചിത്രത്തിന് കത്തോലിക്ക സഭ പരമാധ്യക്ഷന്‍ പോപ് ഫ്രാന്‍സിസ് 'അതീവ ദുഃഖിതനാണെന്ന്' അറിയിച്ചു

മെക്‌സിക്കോ: അമേരിക്കന്‍-മെക്‌സിക്കന്‍ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുറകേ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ നദിയില്‍ മുങ്ങിമരിച്ച അച്ഛന്റേയും ഒന്നര വയസുള്ള മകളുടേയും മൃതദേഹത്തിന്റെ ചിത്രം ലോകം മുഴുവന്‍ ഞെട്ടലോടെയാണ് കണ്ടത്. ഈ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി.

‘ആ ചിത്രത്തോട് വെറുപ്പാണെന്ന്’ ട്രംപ് പറഞ്ഞു. അതേസമയം ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ചിത്രത്തിന് കത്തോലിക്ക സഭ പരമാധ്യക്ഷന്‍ പോപ് ഫ്രാന്‍സിസ് ‘അതീവ ദുഃഖിതനാണെന്ന്’ അറിയിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡേ നദീതീരത്ത് കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു 25 കാരനായ ഓസ്‌കര്‍ മാര്‍ട്ടിനെസും മകളുടെയും മൃതദേഹഹങ്ങള്‍.

അച്ഛന്റെ ടീ ഷര്‍ട്ടിനകത്തേക്ക് കുഞ്ഞുകൈകള്‍ ചേര്‍ത്ത് മരിച്ച കുഞ്ഞിന്റെ ചിത്രം ലോക മനഃസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. മകളെ കൊണ്ട് ആദ്യം നദി നീന്തി അക്കര കടന്നതിന് ശേഷം ഭാര്യയെ കൊണ്ടുപോകാം എന്ന് പറഞ്ഞ് മകളെയും ചേര്‍ത്ത് പിടിച്ച് അച്ഛന്‍ നദിയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ നദിയിലെ കനത്ത കുത്തൊഴുക്കിനെ മറികടക്കാന്‍ പിതാവിന് സാധിച്ചില്ല. മെക്‌സിക്കന്‍ പത്രഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പുറത്തെത്തിയതോടെയാണ് സംഭവം പുറത്തെത്തുന്നത്.

സ്വസ്ഥമായ ജീവിതം പ്രതീക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇറങ്ങിപുറപ്പെടുന്നവരുടെ ദുരവസ്ഥയിലേക്കാണ് ചിത്രം വിരല്‍ചൂണ്ടുന്നത്. ട്രംപിന്റെ കടുത്ത അതിര്‍ത്തി നയം ലോകത്തിന് മുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നാണ് ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചത്.

ഇതിന് പിന്നാലെയാണ് ട്രംപ് പ്രതികരണം അറിയിച്ചത്. ‘ആ ചിത്രത്തെ ഞാന്‍ വെറുക്കുന്നു. അയാളൊരു നല്ല അച്ഛനാണ്,’ ട്രംപ് പറഞ്ഞു. എന്നാല്‍ ചിത്രം കണ്ട പോപ് ഫ്രാന്‍സിസ് അതീവ ദു:ഖിതനാണെന്ന് വത്തിക്കാന്‍ വക്താവ് അലെസാന്ദ്രൊ ഗിസോട്ടി പറഞ്ഞു. ‘ആ ചിത്രം കണ്ട അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. അവര്‍ക്ക് വേണ്ടിയും പലായനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥിക്കുകയാണ്,’ വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി.

എല്‍സാല്‍വഡോര്‍ സ്വദേശികളായ ഈ കുടുംബം മെക്‌സിക്കോയിലെത്തിയിട്ട് രണ്ടുമാസമായി. കൊടുംചൂടില്‍ വെന്തുരുകുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോഴാണ് നദി കടന്ന് അക്കരെ പോകാന്‍ ശ്രമിച്ചതെന്ന് അമ്മ താനിയ പറയുന്നു.

Exit mobile version