അസാഞ്ജിന്റെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷം; എഡ്വേഡ് സ്‌നോഡന്‍

മോസ്‌കോ: വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തതിനെതിരെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും സൈബര്‍ ആക്ടിവിസ്റ്റുമായ എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. ജൂലിയന്‍ അസാഞ്ജിന്റെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമാണെന്ന് സ്നോഡന്‍ പറഞ്ഞു.

ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്ത് ഒരു പ്രസാധകനെ വലിച്ചിഴക്കാനായി ഇക്വഡോറിന്റെ അംബാസിഡര്‍ ബ്രിട്ടന്റെ രഹസ്യ പോലീസിനെ എംബസിയില്‍ കയറ്റിയ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മികച്ച പത്രപ്രവര്‍ത്തനമായി ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തും, സ്നോഡന്‍ വ്യക്തമാക്കി.

അസാഞ്ജിനുള്ള സംരക്ഷണം പിന്‍വലിക്കാനുള്ള ഇക്വഡോറിന്റെ തീരുമാനത്തെ സ്നോഡന്‍ അപലപിച്ചിരുന്നു. അസാഞ്ജിന്റെ സ്വാതന്ത്ര്യത്തിനായി യുഎന്‍ സമീപകാലത്ത് വരെ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും സ്നോഡന്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു എഡ്വേര്‍ഡ് ജോസഫ് സ്‌നോഡന്‍.

മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയ്സ്ബുക്ക്, സ്‌കൈപ്പ്, യുട്യൂബ്, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്നത് സ്നോഡനായിരുന്നു.
തുടര്‍ന്ന് ഹോങ്കാങ്ങില്‍ അഭയം തേടിയ സ്‌നോഡനെ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പട്ടിരുന്നു. അതിനിടെ സ്‌നോഡന്‍ മോസ്‌കോയിലേക്ക് കടന്നു. റഷ്യയുടെ താല്‍ക്കാലിക അഭയത്തിലാണ് സ്നോഡനിപ്പോള്‍.

Exit mobile version