ടോബ്ലറോണില്‍ ഇനി ‘സ്വിറ്റ്‌സര്‍ലന്‍ഡ് ‘ ഇല്ല : ചരിത്ര മാറ്റത്തിനൊരുങ്ങി കമ്പനി

Toblerone | Bignewslive

ലോകമെങ്ങുമുള്ള ചോക്ലേറ്റ് ആരാധകരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാണ് ടോബ്ലറോണ്‍. പര്‍വതത്തിന്റെ ആകൃതിയ്ക്ക് പേരുകേട്ട, ഭ്രമിപ്പിക്കുന്ന രുചിയിലുള്ള ടോബ്ലറോണ്‍ അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്വിസ് ചോക്ലേറ്റ് കൂടിയാണ്.

ഇപ്പോഴിതാ ചരിത്രപരമായ മാറ്റത്തിന് ടോബ്ലറോണ്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാതൃരാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡിന് പുറത്തും ചോക്ലേറ്റ് നിര്‍മിക്കാനാണ് കമ്പനിയായ മോണ്ടെലസ് ഇന്റര്‍നാഷണലിന്റെ തീരുമാനം. 2023ഓടെ യൂറോപ്പിലെ സ്ലോവാക്യയില്‍ ടോബ്ലറോണ്‍ നിര്‍മാണം ആരംഭിക്കും. ആരാധകരുടെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താണ് തീരുമാനം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതോടെ വലിയൊരു മാറ്റത്തിനാണ് കമ്പനി തയ്യാറെടുക്കേണ്ടി വന്നിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് പുറത്തേക്ക് നിര്‍മാണം വ്യാപിപ്പിക്കുന്നതോടെ ചോക്ലേറ്റിന് പാക്കേജിംഗില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പേരും ചിത്രവും ഉപേക്ഷിക്കേണ്ടതായി വരും. ടോബ്ലറോണിന്റെ പ്രത്യേകതയായ ഇവ രണ്ടും ഉപേക്ഷിക്കുന്നത് ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റം തന്നെയാണ്.

1908ല്‍ ആദ്യമായി പുറത്തിറങ്ങിയത് മുതല്‍ ടോബ്ലറോണിന്റെ ട്രേഡ് മാര്‍ക്ക് ആണ് ഇതിന്റെ ഷേപ്പും പാക്കേജിംഗും. ‘ടോബ്ലറോണ്‍ ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നാണ് ചോക്ലേറ്റിന്റെ പേര് തന്നെ. ഇതില്ലാതാവുന്നത് വലിയ വേദനയുണ്ടാക്കുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ ടോബ്ലര്‍ കുടുംബത്തിന്റെ ഫാക്ടറിയില്‍ തുടങ്ങിയ ടോബ്ലറോണ്‍ ഇന്ന് 120 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Exit mobile version