‘കോളയാണെന്റെ ലഹരി’ : ഇരുപത് വര്‍ഷമായി വെള്ളത്തിന് പകരം പെപ്‌സി കുടിയ്ക്കുന്ന 40കാരന്‍

Pepsi | Bignewslive

മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ കോളയ്ക്കടിമപ്പെട്ട ആരെയെങ്കിലും കുറിച്ച് അറിയുമോ ? എന്നാല്‍ അങ്ങനെയൊരാളുണ്ട്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ആന്‍ഡി ക്യൂറിക്ക് കഴിഞ്ഞ മാസം വരെ പെപ്‌സിയായിരുന്നു അഡിക്ഷന്‍.

20 വര്‍ഷമായി വള്ളത്തിന് പകരം പെപ്‌സിയാണ് ആന്‍ഡി കുടിയ്ക്കുന്നത്. 20ാം വയസ്സില്‍ തുടങ്ങിയ പെപ്‌സി ലഹരി കഴിഞ്ഞ മാസം ആന്‍ഡി ചികിത്സയിലൂടെ നിര്‍ത്തിയെങ്കിലും ഇരുപത് വര്‍ഷം തുടര്‍ന്ന ആന്‍ഡിയുടെ പെപ്‌സി പ്രേമം അങ്ങനെ വെറുതേ മറന്ന് കളയാനാവില്ല.

ഒരു വര്‍ഷം ആറര ലക്ഷം രൂപയായിരുന്നു ആന്‍ഡി പെപ്‌സിക്ക് വേണ്ടി ചിലവഴിച്ചിരുന്നത്. ഏകദേശം 8000 കിലോ പഞ്ചസാരയ്ക്ക് തുല്യമായ 219000 പെപ്‌സി ക്യാനുകളും ഇരുപത് വര്‍ഷം കൊണ്ട് ആന്‍ഡി കുടിച്ചു തീര്‍ത്തു. രാവിലെ ആന്‍ഡിയുടെ ദിവസം തുടങ്ങിയിരുന്നത് തന്നെ പെപ്‌സി കുടിച്ചു കൊണ്ടായിരുന്നു. ഇങ്ങനെ ഒരു ദിവസം പലപ്പോഴായി ഒമ്പത് ലിറ്റര്‍ പെപ്‌സി ആന്‍ഡി കുടിക്കും. പെപ്‌സിക്ക് വേണ്ടി ചിലവഴിച്ചിരുന്ന പൈസ ഉണ്ടെങ്കില്‍ ഓരോ വര്‍ഷവും പുതിയ കാര്‍ വാങ്ങാമായിരുന്നുവെന്നാണ് ആന്‍ഡി ഇപ്പോള്‍ പറയുന്നത്.

“ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ഗ്ലാസ് പെപ്‌സി കുടിയ്ക്കുന്നതായിരുന്നു ശീലം. ലോകത്തുള്ള ഒന്നിനും ആ തണുത്ത പെപ്‌സിയുടെ രുചി മറികടക്കാനാവില്ല. രാത്രിയിലൊക്കെ ജോലി ഉളളതിനാല്‍ എനര്‍ജി കിട്ടാന്‍ അത് ബെസ്റ്റ് ആയിരുന്നു. രണ്ട് ലിറ്ററിന്റെ അഞ്ചോ ആറോ കുപ്പി എന്നതായിരുന്നു കണക്ക്”. ആന്‍ഡി പറയുന്നു.

ശരീരഭാരം അമിതമായി വര്‍ധിയ്ക്കാന്‍ തുടങ്ങിയതോടെയാണ് ആന്‍ഡി ശീലം ഉപേക്ഷിയ്ക്കാനൊരുങ്ങുന്നത്. പ്രമേഹം ഉണ്ടാവുമോ എന്ന പേടി കൂടിയതോടെ ലണ്ടനിലെ ഒരു തെറപ്പിസ്റ്റിനെ കണ്ട് ചികിത്സ തുടങ്ങി. ഇപ്പോള്‍ ഒരു മാസമായി ആന്‍ഡിക്ക് പെപ്‌സിയോട് യാതൊരു താല്പര്യവുമില്ല. മാത്രമല്ല വെള്ളത്തിന്റെ രുചിയാണ് ഇപ്പോള്‍ പ്രിയം. വെള്ളം കുടിയ്ക്കാന്‍ തുടങ്ങിയതോടെ ശരീരത്തില്‍ മാറ്റങ്ങളറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് ആന്‍ഡി പറയുന്നത്. ഇനിയൊരിക്കലും പെപ്‌സി കൈകൊണ്ട് തൊടില്ലെന്നും വെള്ളം തന്നെയാണ് ബെസ്റ്റ് എന്നും ആന്‍ഡി കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version