സൈബര്‍ ബുള്ളിയിങ് നടത്തിയാല്‍ ഇനി അകത്ത് കിടക്കും : പുതിയ നിയമവുമായി ജപ്പാന്‍

ടോക്കിയോ : സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് സുപരിചിതമാണ് നമുക്കെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ ഒരു ഐഡിയ്ക്കപ്പുറമിരുന്ന് നടത്തുന്ന അധിക്ഷേപങ്ങളെയാണ് സൈബര്‍ ബുള്ളിയിങ് എന്നത് കൊണ്ടുദ്ദേശിയ്ക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരാളെ കൂട്ടം ചേര്‍ന്നാക്രമിക്കുന്നതിന്റെ ഓണ്‍ലൈന്‍ വേര്‍ഷന്‍. സെലിബ്രിറ്റികളടക്കം ധാരാളമാളുകള്‍ സൈബര്‍ ബുള്ളിയിങ്ങിന് സ്ഥിരം വിധേയരാകാറുണ്ട്. പലപ്പോഴും മാനസികമായി തകരുന്ന അവസ്ഥയിലേക്ക് വരെ ആളുകളെ എത്തിക്കാന്‍ സൈബര്‍ ബുള്ളിയിങ്ങിന് സാധിക്കും.

ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ്ങിനെ പിടിച്ചു കെട്ടാന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജപ്പാന്‍. ഓണ്‍ലൈന്‍ വഴി ഒരാളെ അപമാനിക്കുന്നത് കുറ്റമാക്കിക്കൊണ്ടുള്ള നിയമമാണ് തിങ്കളാഴ്ച ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഇതോടെ സൈബര്‍ ബുള്ളിയിങ് നടത്തിയതായി തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം യെന്‍, അതായത് 1.73 ലക്ഷത്തിലേറെ രൂപ പിഴയും നല്‍കേണ്ടി വരും. ഇതിന് മുമ്പ് 30 ദിവസത്തില്‍ താഴെ തടവും 10000 യെന്‍ പിഴയുമായിരുന്നു ശിക്ഷ.

ഈ വേനലവസാനത്തോടെ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. അതേസമയം നിയമത്തെ പ്രതികൂലിച്ച് നിരവധിയാളുകളാണെത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ് നിയമ ഭേദഗതി എന്നാണ് മിക്കവരുടെയും വാദം.

Exit mobile version