വാട്ടര്‍ സ്ലൈഡ് ഇടയ്ക്ക് വെച്ച് പൊട്ടി : 30 അടി താഴ്ചയിലേക്ക് വീണ് ആളുകള്‍ക്ക് പരിക്ക്, വീഡിയോ

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ കെഞ്ചെരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടി ആളുകള്‍ക്ക് പരിക്ക്. 30 അടിയോളം താഴ്ചയിലേക്ക് വീണ പലരുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് വിവരം.

ഇന്തോനേഷ്യയിലെ സുരബയ സിറ്റിയിലുള്ള പാര്‍ക്കില്‍ മെയ് 7നായിരുന്നു സംഭവം. പാര്‍ക്കിലെ ട്യൂബ് സ്ലൈഡിന്റെ ഒരു ഭാഗം പൊട്ടുന്നതും ആളുകള്‍ കോണ്‍ക്രീറ്റ് തറയിലേക്ക് പതിയ്ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഭയചകിതരായ ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുമുണ്ട്. സ്ലൈഡിനുള്ളില്‍ കുടുങ്ങിയ 16 പേരില്‍ എട്ട് പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്തോനേഷ്യയിലെ കാലപ്പഴക്കം ചെന്ന പാര്‍ക്കുകളിലൊന്നാണ് കെഞ്ചെരന്‍ പാര്‍ക്ക്. സമയാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി പാര്‍ക്കില്‍ അറ്റകുറ്റപ്പണികള്‍ നടന്നത് ഒമ്പത് മാസം മുമ്പാണ്. സംഭവം നടക്കുമ്പോള്‍ സ്ലൈഡില്‍ ആളുകള്‍ കൂടുതലുണ്ടായിരുന്നതായും അധികൃതര്‍ സമ്മതിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും മേലില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രദേശത്തുള്ള എല്ലാ പാര്‍ക്കുകളിലും അടിയന്തിര പരിശോധന നടത്താന്‍ ഉത്തരവിട്ടിരിക്കുന്നതായും സുരബയ സിറ്റി ഡെപ്യൂട്ടി മേയര്‍ അര്‍മൂജി അറിയിച്ചു.

Exit mobile version