പതിനൊന്നാം വയസ്സില്‍ ഉറങ്ങാന്‍ കിടന്ന് 21ാം വയസ്സില്‍ ഉണര്‍ന്ന എലന്‍ സാഡ്‌ലറിന്റെ അപൂര്‍വ കഥ

ബ്രിട്ടനില്‍ മെഡിക്കല്‍ രംഗത്ത് നടന്ന പരീക്ഷണങ്ങളും വ്യവസായവത്കരണവുമൊക്കെ മൂലം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിക്ടോറിയന്‍ ഭരണത്തില്‍ ബ്രിട്ടന് ഇന്നും ഓര്‍മിക്കാനും അഭിമാനിക്കാനും ഒട്ടനവധി വിപ്ലവങ്ങള്‍ ഈ കാലത്തുണ്ടായിട്ടുണ്ട്. ഇവയ്‌ക്കൊപ്പം തന്നെ ബ്രിട്ടനിലെ ഒട്ടുമിക്ക എല്ലാവരും ഓര്‍ക്കുന്ന ഒരു അപൂര്‍വ കഥയാണ് എലന്‍ സാഡ്‌ലറിന്റേത്.

1871ല്‍ തന്റെ പതിനൊന്നാം വയസ്സില്‍ ഉറങ്ങാന്‍ കിടന്ന് 21ാം വയസ്സില്‍ എഴുന്നേറ്റ പെണ്‍കുട്ടിയായാണ് എലനെ ചരിത്രം വിശേഷിപ്പിക്കുന്നത്. ട്രിപ്പനോസോമയാസിസ് എന്ന അപൂര്‍വ രോഗബാധിതയായിരുന്നു എലന്‍. ലോകത്താദ്യമായി ഈ രോഗം കണ്ടെത്തിയതും എലനിലാണ്. ഉറക്കത്തില്‍ നിന്നും ഉണരാന്‍ സഹായിക്കുന്ന ഹൈപ്പോക്രെറ്റിന്‍ എന്ന രാസവസ്തുവിന്റെ അഭാവമായിരുന്നു എലന്റെ ഉറക്കത്തിന് പിന്നിലെ കാരണം. എലന് ശേഷം നിരവധി കേസുകള്‍ ഇത്തരത്തില്‍ ലോകത്ത്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുകളില്‍ 2017-18നുമിടയ്ക്ക് രണ്ടായിരം പേരെ ഈ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

എലന്റെ കഥ

പതിനൊന്ന് വയസ്സ് വരെ പനി പോലുള്ള ചെറിയ അസുഖങ്ങളല്ലാതെ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിക്കാത്ത കുട്ടിയായിരുന്നു എലന്‍. എന്നാല്‍ 1871 മാര്‍ച്ച് 29ന് പതിവ് പോലെ ഉറങ്ങാന്‍ കിടന്ന എലന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്നില്ല. വീട്ടുകാര്‍ നിലവിളിച്ചും കുലുക്കിയുമൊക്കെ ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ആകെ ഭയന്ന ഇവര്‍
ഡോക്ടറെ വിളിച്ചെങ്കിലും എലനെ ഉണര്‍ത്താന്‍ അന്ന് ബ്രിട്ടനിലുണ്ടായിരുന്ന വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് പോലും കഴിഞ്ഞില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിലും നിന്നും അതിവിദഗ്ധരായ ഡോക്ടര്‍മാരെത്തി ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം. ഈ സമയം കൊണ്ട് ഉറങ്ങുന്ന പെണ്‍കുട്ടി എന്ന പേരില്‍ എലന്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. എലന്റെ മുടിയിഴകള്‍ക്ക് വരെ ആളുകള്‍ പണം വാഗ്ദാനം ചെയ്തു.

രോഗമെന്താണെന്ന് കണ്ടെത്തിയതോടെ എലന്‍ ഉണരാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ. എലന്റെ ശരീരത്തിനാവശ്യമായ ഭക്ഷണം ഉള്ളിലെത്തിക്കുന്നതായിരുന്നു കുട്ടിയുടെ അമ്മയ്ക്ക് മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളികളിലൊന്ന്. ആദ്യമാദ്യം കഞ്ഞിയും പാലും വൈനുമൊക്കെ ചായക്കോപ്പയിലൂടെ കൊടുക്കുമായിരുന്നെങ്കിലും എലന്റെ താടിയെല്ല് കോച്ചി വാ തുറക്കാനാവാതെ വന്നതോടെ പല്ലിന്റെ ഇടയിലുള്ള ചെറിയ വിടവിലൂടെ ഭക്ഷണം ദ്രാവകരൂപത്തില്‍ കൊടുക്കേണ്ടി വന്നു.

പതിനൊന്ന് വയസ്സ് വരെ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന എലന്റെ പെട്ടെന്നുള്ള രോഗാവസ്ഥ വീട്ടുകാരില്‍ ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. എലന്‍ ഉണര്‍ന്ന് കാണാന്‍ അവര്‍ തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. എന്നാല്‍ എലനെ പഴയത് പോലെ കാണാന്‍ അമ്മ ആന്‍ സാഡ്‌ലറിന് ഭാഗ്യമുണ്ടായില്ല. 1880ല്‍ തന്റെ 21ാം വയസ്സില്‍ എലന്‍ ഉറക്കമുണര്‍ന്നപ്പോഴേക്കും ആന്‍ മരിച്ച് അഞ്ച് മാസം പിന്നിട്ടിരുന്നു. ഉറക്കമെണീറ്റ ശേഷം എല്ലാമൊന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയമെടുത്തെങ്കിലും 1901ല്‍ മരിക്കുന്നത് വരെ സന്തോഷപ്രദമായിരുന്നു എലന്റെ ജീവിതം എന്നാണറിവ്.

Exit mobile version