അഞ്ച് കാലുകള്‍, 2-2-22ല്‍ ജനനം : അപൂര്‍വതകളുമായി ഒരു ചെമ്മരിയാട്ടിന്‍ കുട്ടി

ഏറെ പ്രത്യേകതകളുള്ള ഒരു ചൊവ്വാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ട് (2-2-22). രണ്ടുകളുടെ ദിവസം അഥവാ two’s ഡേ എന്നാണ് ഈ ദിവസം അറിയപ്പെട്ടത് തന്നെ. ഈ ദിവസം പല വിശിഷ്ട പരിപാടികളും സംഘടിപ്പിച്ചവരും പറ്റാവുന്ന പരിപാടികളൊക്കെ ടൂസ് ഡേയില്‍ നടത്തി ചരിത്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചവരുമൊക്കെ ഏറെയാണ്. അന്ന് ജനിച്ച കുഞ്ഞുങ്ങളെയും സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിരുന്നു.

ബ്രിട്ടനിലെ നോര്‍തംബര്‍ ലാന്‍ഡിലെ വൈറ്റ്ഹൗസ് ഫാമില്‍ ആ ചൊവ്വാഴ്ചയ്ക്ക്‌ മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ഇവിടെ അന്നൊരു ചെമ്മരിയാട് ജനിച്ചു. പ്രത്യേകതയെന്തെന്നാല്‍ ഈ ആട്ടിന്‍കുട്ടിക്ക് അഞ്ച് കാലുകളുണ്ടായിരുന്നു. കുഞ്ഞാടിന്റെ ശരീരത്തിന് ഇടത് ഭാഗത്ത് നിന്നാണ് ‘എക്‌സ്ട്രാ’ കാല്‍ മുളച്ചിരിക്കുന്നത്.

പത്ത് ലക്ഷത്തില്‍ ഒന്നാണ് ഇത്തരം സംഭവം എന്നാണ് ഫാം ഉടമ ഹീതര്‍ ഹൊഗാര്‍ട്ടി അറിയിച്ചിരിക്കുന്നത്. മൃഗഡോക്ടര്‍മാരുമായി ആലോചിച്ച ശേഷം കാല്‍ നീക്കം ചെയ്യണമെങ്കില്‍ അങ്ങനെ ചെയ്യുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

കാലുകള്‍ അഞ്ചുണ്ടെങ്കിലും ആരോഗ്യവാനാണ് ആട്ടിന്‍കുട്ടി. തുള്ളിച്ചാടി നടക്കാനും ആളുകളുടെ ഒപ്പം ഫോട്ടോയെടുക്കാനുമൊക്കെ നല്ല ഉത്സാഹമാണ് കക്ഷിക്ക്. ആട്ടിന്‍കുട്ടിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹീതര്‍ പറയുന്നു.

ആട്ടിന്‍കുട്ടിയെ കാണാനായി നിരവധി ആളുകളാണ് ഫാമിലെത്തുന്നത്. പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇവിടെയെത്താനും പഠനങ്ങളും നിരീക്ഷണങ്ങളും നടത്താനുമുള്ള അനുമതി ഫാം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇതേ ഫാമില്‍ പത്ത് വര്‍ഷം മുമ്പും അഞ്ച് കാലുകളുമായി ഒരു ചെമ്മരിയാട്ടിന്‍ കുട്ടി ജനിച്ചിരുന്നു. ക്വിന്റോ എന്നായിരുന്നു ഇതിന്റെ പേര്. ശരീരത്തിന്റെ മധ്യഭാഗത്തായിരുന്നു ക്വിന്റോയുടെ അഞ്ചാമത്തെ കാല്‍. ഈ കാല്‍ പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീക്കം ചെയ്തു. ഏപ്രില്‍ ഒന്നിനായിരുന്നു ആട്ടിന്‍കുട്ടിയുടെ ജനനം. അതുകൊണ്ട് തന്നെ ഫാം അധികൃതര്‍ കൃത്രിമകാല്‍ പിടിപ്പിച്ച് പറ്റിക്കുകയായിരുന്നുവെന്നാണ് ആളുകള്‍ കരുതിയിരുന്നത്. ഈ ആട് ഒരുപാട് കാലം ജീവിക്കുകയും നിരവധി ആട്ടിന്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തിരുന്നതായി ഹീതര്‍ ഓര്‍മിക്കുന്നു. പുതിയ ആട്ടിന്‍കുട്ടി ക്വിന്റോയുടെ പുനരവതാരമാണെന്നാണ് ഹീതറിന്റെ വിശ്വാസം.

Exit mobile version