ഉക്രെയ്ന്‍ ജനതയെ ഇറാനിയനെന്ന് വിളിച്ച് ജോ ബൈഡന്‍ : വീഡിയോ വൈറല്‍

വാഷിംഗ്ടണ്‍ ഡിസി : സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ ഉക്രെയ്ന്‍ ജനതയെ ഇറായനിയനെന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്‌ക്കെതിരെ രാജ്യങ്ങള്‍ ഒന്നടങ്കം കടുത്ത നിലപാടെടുക്കണമെന്നും ഉക്രെയ്‌നൊപ്പം നില്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നതിനിടെയാണ് പേര് മാറിയത്.

കീവിനെ വളയ്ക്കാനും ആക്രമിക്കാനും പുടിന് കഴിയുമായിരിക്കും, എന്നാല്‍ ഇറാനിയന്‍ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും സ്ഥാനം പിടിക്കാന്‍ പുടിന് കഴിയില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഞൊടിയിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇതേ സമയം ഉക്രെയ്ന്‍ എന്ന് തിരുത്തി പറയുന്നതായും വീഡിയോ പങ്ക് വച്ച് ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബൈഡന് പറ്റിയ അമളിയില്‍ പലരും അത്ഭുതപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും ഒന്നുമല്ലെന്നാണ് പലരുടെയും അഭിപ്രായം. പല വലിയ വേദികളിലും ഇതേ രീതിയില്‍ ബൈഡന്റെ ഭാഗത്ത് നിന്ന് പിഴവുകളുണ്ടായിട്ടുണ്ടെന്നും ഇതൊരു സാധാരണ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

ബുധനാഴ്ചയാണ് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് ബൈഡന്റെ ആദ്യത്തെ പ്രസംഗം നടന്നത്. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ബൈഡന്‍ റഷ്യയ്‌ക്കെതിരെ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുന്നതായും അറിയിച്ചു.

Exit mobile version